ഹൃദയത്തിലെ ഹരിത സാന്നിദ്ധ്യം
യാത്രകളെക്കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം മനസ്സില്‍ കൂണുപോലെ മുളച്ചു പൊന്തുന്ന വെളുപ്പും തവിട്ടും കലര്‍ന്ന ഭയം. കണ്ണടച്ചാല്‍ ചിലപ്പോഴതിനെ തൊട്ടറിയാം. എത്രതവണ നുളളികളഞ്ഞാലും മുഖക്കുരു പോലെ മുളുച്ചു പൊന്തുന്നവ. എന്തിനുവേണ്ടി യാത്രചെയ്യുന്നു ?എന്തിനു വേണ്ടി എഴുതുന്നു ? എന്ന ചോദ്യങ്ങളെല്ലാം ഒടുവില്‍വിരല്‍ചൂണ്ടുന്നത് എന്തിനുവേണ്ടി ജിവിക്കുന്നു എന്ന മൌലികമായ പ്രശ്നത്തിലേക്കാണ്. ഞാന്‍ എന്നോട് തന്നെ പലപ്പോഴും ചോദിക്കുകയും ചില വഴുവഴുക്കന്‍ഉ ത്തരങ്ങളിലൂടെ തെന്നിപ്പോവുകയും ചെയ്തിട്ടുളളതാണവ. ഏതു സാഹചര്യത്തിലേക്കും ജീവിതത്തെ തുറന്നുവെക്കുക എന്നതാണ് ഏതു യാത്രയുടെയും ലക്ഷ്യം. ഒരു പൂ വിരിയുന്ന ലാഘവത്തോടെ പ്രകൃതിയിലേക്കും തന്റെ ചുറ്റുപാടിലേക്കും തുറന്നിരിക്കാന്‍ കഴിയണം. ഒരേ സമയം ‘അകത്തേക്കും’ ‘പുറത്തേക്കും’ നടത്തുന്ന ഈ യാത്രകളുടെ നിഴലും വെളിച്ചവും ഇടകലര്‍ന്ന വഴികളില്‍ചില ആശയങ്ങളും വ്യക്തികളും വന്നു നില്‍ക്കും. ചിലപ്പോഴവര്‍ നമ്മോടൊപ്പം നടക്കും. അങ്ങിനെയാണ് ആനന്ദ് ദ്വിവേദിയെന്ന മനുഷ്യനും എന്റെ ജീവിതത്തിന്റെ ഭാഗമായത്.
ആനന്ദ്ജി എഴുതിയ ‘ ഡാന്‍സ് ഓഫ് ദ ബീ’ എന്ന പുസ്തകം വായിച്ച് ആവേശത്തോടെ അദ്ദേഹത്തെ കാണാന്‍ പോവുകയും പിന്നീട് അദ്ദേഹം നടത്തുന്ന ഭുവനേശ്വരി പര്യാവരണ്‍എന്ന വിദ്യാലയത്തില്‍അദ്ധ്യാപകനായി പ്രവര്‍ത്തിക്കുകയും ചെയ്ത ജോസഫ് എന്ന സുഹൃത്താണ് എനിക്ക് ആനന്ദ്ജിയെ പരിചയപ്പെടാനുളള അവസരമുണ്ടാക്കിയത്. ഉത്തരാഞ്ചലിലെ ടെഹരിഡാമിന് സമീപത്തായി അഞ്ജനശൈന്‍ എന്ന ഗ്രാമത്തില്‍ഗഡ് വാലി കുട്ടികള്‍ക്കിടയില്‍, സംഗീതവും, കൃഷിയും, ധ്യാനവും പാഠപുസ്തകങ്ങളും ഉള്‍ചേര്‍ത്തുകൊണ്ട് ആനന്ദ്ജി നടത്തുന്ന വിദ്യാഭ്യാസ പരീക്ഷണങ്ങള്‍നേരില്‍ക്കണ്ട എനിക്ക് അത്ഭുതമൊന്നും തോന്നിയില്ല കാരണം അത് ആനന്ദ്ജി എന്ന വ്യക്തിയുടെ സഹജമായ ഇടപെടലുകളായി മനസ്സിലാക്കാം. എന്നാല്‍ അവിടെയുളള ഓരോ കുട്ടിയിലും, അധ്യാപകരിലും നിറഞ്ഞു നിന്ന എന്തെന്നില്ലാത്തഉത്സാഹവും പ്രതീക്ഷയും ജീവിതത്തിനു നേരെയുളള നിറചിരിയും കണ്ടപ്പോള്‍ഞാന്‍അത്ഭുതപ്പെടാതിരുന്നില്ല. അവരെല്ലാം സാധാരണ ചുറ്റുപാടുളില്‍നിന്നും വളരെ ക്ലേശം സഹിച്ച് വന്നെത്തുന്നവരായിരുന്നു. എങ്കിലും ഒരിക്കല്‍ പോലും നിഷേധത്തിന്റെ ഒരു ചെറിയ കണികപോലും അവരില്‍ കണ്ടെത്താനായില്ല.
വിദ്യാഭ്യാസത്തെ പാഠപുസ്തകത്തില്‍നിന്നും പറിച്ചെടുത്ത് ജീവിതവുമായി കൂട്ടിയിണക്കുന്ന പുതിയ ആവിഷ്ക്കാരത്തില്‍ ഈ കുട്ടികള്‍ക്ക് മറ്റ് സ്ക്കൂളിലെ കുട്ടികളെപ്പോലെ തന്നെ 10-ാം ക്ലാസ്സ് സര്‍ട്ടിഫിക്കറ്റു കൂടിയുണ്ടെന്നറിയുമ്പോള്‍ നവീന രീതിയുടെ മാറ്റ് പത്തിരട്ടിയാവുന്നു. ഉത്തരാഞ്ചലിലെ വിദ്യാഭ്യാസവകുപ്പ് ഈ പാഠ്യപദ്ധതിക്ക് ഇപ്പോള്‍നൂറില്‍നൂറ് മാര്‍ക്ക് കൊടുത്തിരിക്കുന്നു. കടാതെ മറ്റ് 26 വിദ്യാലയങ്ങള്‍കൂടി ആനന്ദ്ജിയുടെ സഹകരണത്തോടെ പുതിയ പാഠ്യപരീക്ഷണത്തില്‍ഏര്‍പ്പെട്ടിരിക്കുന്നു. ആന്ദ്ജിയുടെ ‘ഡാന്‍സ് ഓഫ് ദ ബീ ‘ എന്ന പുസ്തകം വിദ്യാഭ്യാസത്തേയും ജീവിതത്തേയും കൂട്ടി വിളക്കുന്നതിനും ജീവിതത്തിന്റെ ഉയര്‍ന്ന തലങ്ങളിലേക്ക് നമ്മെ കൈ പിടിച്ചുയര്‍ത്തുന്നതിനും സഹായിക്കുന്നു.
ഒരു നൂതനമായ മാനുഷിക ദര്‍ശനവും അതിനുതകുന്ന ജീവിതക്രമവും ഈ പുസ്തകം നമുക്ക് കാട്ടിത്തരുന്നു. കരുത്തുളള ചോദ്യങ്ങളിലേക്കോ പിടിച്ചെത്താവുന്ന ഉയരങ്ങളിലേക്കോ ഇനിയും ചിലപ്പോള്‍നന്ദിയോടെ അറിയാന്‍ മാത്രം കഴിയുന്ന അനുഭവങ്ങളിലേക്കോ എത്തിപ്പെടുന്നത് മനുഷ്യജീവിതത്തെ മധുരതരമാക്കുന്നു. നാലഞ്ചുദിവസം ആനന്ദ്ജിയും കുട്ടികളും ഒത്തുകൂടി കഴിഞ്ഞപ്പോള്‍ഭൂതവും ഭാവിയുമെല്ലാം നഷ്ടപ്പെട്ട് ഒരു അത്ഭുതദ്വീപിലെത്തിയ യാത്രികനായി ഞാന്‍മാറി. ഞരമ്പുകളില്‍ പുതു തളിര്‍പ്പുകള്‍പൊടിക്കുന്നത് ഞാനറിഞ്ഞു. തിരിച്ച് മലയിറങ്ങുമ്പോള്‍ മണ്ണില്‍നിന്നും അടര്‍ത്തിമാറ്റിയ ഒരു കൊച്ചു ചെടിയെപ്പോലെയായിരുന്നു മനസ്സ്. മടക്കയാത്രയില്‍ കയ്യില്‍കരുതിയിരുന്ന ആനന്ദ് ജിയുടെ പുസ്തകത്തിലൂടെ പലയാവര്‍ത്തി ഞാന്‍കടന്നുപോയി. ഓരോ താളും എന്റെ അന്വേഷണത്തെ പൂരിപ്പിച്ചു കൊണ്ടിരുന്നു. പുതിയ ഒരു വിദ്യാഭ്യാസ ദര്‍ശനത്തിന്റെയും പ്രവര്‍ത്തന പദ്ധതിയുടേയും മാനിഫെസ്റ്റോയായി ഈ പുസ്തകത്തെ വിശേഷിപ്പിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്.